ഇനി മുതല്‍ പെരിഞ്ഞനം പഞ്ചായത്തിന്റെ വിവരങ്ങളും സേവനങ്ങളും തേടി പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങേണ്ടതില്ല. ഞൊടിയിടയില്‍ ഗ്രാമ പഞ്ചായത്തിനെ സംബന്ധിക്കുന്ന വിവരങ്ങളും വാര്‍ത്തകളും അറിയിപ്പുകളും ഓണ്‍ലൈന്‍ സേവനങ്ങളും അപേക്ഷ ഫോറങ്ങളും ഉള്‍പ്പെടെ നൂറു കണക്കിന് സേവനങ്ങളുമായി സ്മാര്‍ട്ട് ഗ്രാമ പഞ്ചായത്ത് ആപ്ലിക്കേഷനിലൂടെ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍..

Special News

സ്വന്തം മൊബൈല്‍ ആപ്; സ്മാര്‍ട്ടായി പെരിഞ്ഞനം പഞ്ചായത്ത്
ഇനി മുതല്‍ പെരിഞ്ഞനം പഞ്ചായത്തിന്റെ വിവരങ്ങളും സേവനങ്ങളും തേടി പഞ്ചായത്ത് ഓഫീസില്‍ കയറിയിറങ്ങേണ്ടതില്ല. ഞൊടിയിടയില്‍ ഗ്രാമ പഞ്ചായത്തിനെ സംബന്ധിക്കുന്ന വിവരങ്ങളും വാര്‍ത്തകളും അറിയിപ്പുകളും ഓണ്‍ലൈന്‍ സേവനങ്ങളും അപേക്ഷ ഫോറങ്ങളും ഉള്‍പ്പെടെ നൂറു കണക്കിന് സേവനങ്ങളുമായി സ്മാര്‍ട്ട് ഗ്രാമ പഞ്ചായത്ത് ആപ്ലിക്കേഷനിലൂടെ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍.. ചെയ്യേണ്ടത് ഇത്ര മാത്രം. പ്‌ളേസ്റ്റോറില്‍ നിന്നും പെരിഞ്ഞനം ഗ്രാമപ്പഞ്ചായത്ത് എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.
പഞ്ചായത്തിനെ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും വേഗത്തില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കി സ്മാര്‍ട്ടാവുകയാണ് പെരിഞ്ഞനം. എംഎല്‍എ, എംപി, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഈ ആപ്ലിക്കേഷന്‍ ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ എല്ലാ മേഖലകളില്‍ നിന്നുള്ള അറിയിപ്പുകളും വിവരണങ്ങളും ഇതിലൂടെ ലഭ്യമാകും. അറിയാനുള്ള അവകാശം കൂടുതല്‍ സുതാര്യമാക്കാന്‍ അതിനൂതന സാങ്കേതിക വിദ്യയിലൂടെ പൊതുജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരുടെ സന്തത സഹചാരിയാവുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് പ്രസിഡന്റ് കെ കെ സച്ചിത്ത് പറഞ്ഞു.
ആപ്ലിക്കേഷനില്‍ ലഭ്യമാകുന്ന സേവനങ്ങള്‍:
ഗ്രാമ പഞ്ചായത്തില്‍ നിന്നും ദിനംപ്രതി നല്‍കുന്ന അറിയിപ്പുകള്‍ നോട്ടിഫിക്കേഷനായി മൊബൈലില്‍ ലഭ്യമാകും, പഞ്ചായത്ത് നോട്ടീസ് ബോര്‍ഡുകളില്‍ മാത്രം കണ്ട് ശീലിച്ച പഞ്ചായത്ത് പുറത്തിറക്കുന്ന നോട്ടീസുകള്‍ പ്രാധാന്യം നഷ്ടമാവാതെ ഫോണുകളില്‍ ലഭ്യമാകും, പഞ്ചായത്തില്‍ നിന്നു ലഭ്യമാകുന്ന സേവനങ്ങളേയും സര്‍ട്ടിഫിക്കറ്റുകളേയും സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ (ഓരോ സേവനവും സര്‍ട്ടിഫിക്കറ്റുകളും ലഭ്യമാകുന്നതിന് സമര്‍പ്പിക്കേണ്ട രേഖകള്‍ ചെയ്യേണ്ട കാര്യങ്ങള്‍), പഞ്ചായത്തുമായി ബന്ധപ്പെട്ട പത്രവാര്‍ത്തകള്‍ പത്ര കട്ടിങ്ങുകളോടെ ലഭിക്കും, പഞ്ചായത്തില്‍ സമര്‍പ്പിക്കേണ്ട മുഴുവന്‍ അപേക്ഷ ഫോറങ്ങളും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാനുള്ള സംവിധാനം, പഞ്ചായത്തില്‍ ലഭ്യമായിട്ടുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍, ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റുകള്‍, ഓണ്‍ലൈന്‍ പേയ്‌മെന്റ്, യോഗ നടപടികള്‍ തുടങ്ങിയവ, അനുബന്ധ സ്ഥാപനങ്ങളായ കൃഷിഭവന്‍, ഹെല്‍ത്ത് സെന്റര്‍, വെറ്ററിനറി, സ്‌കൂളുകള്‍ മറ്റു സ്ഥാപനങ്ങളെ സംബന്ധിക്കുന്ന പൂര്‍ണ്ണ വിവരങ്ങളും അവിടെ നിന്നുള്ള അറിയിപ്പുകളും, പൊതുജനങ്ങള്‍ക്ക് ആപ്ലിക്കേഷന്‍ വഴി പരാതികളും നിര്‍ദ്ദേശങ്ങളും മരണം, തുടങ്ങിയ വാര്‍ത്തകളും അറിയിക്കുന്നതിനുള്ള സംവിധാനം, ലൈവ് സിസിടിവി സ്ട്രീമിങ്, പഞ്ചായത്ത് അസറ്റ്, ക്വിക്ക് അലര്‍ട്ട് സംവിധാനം, പബ്ലിക്ക് ടെക്സ്റ്റ് മെസേജിങ് സിസ്റ്റം, ഓണ്‍ലൈന്‍ സര്‍വ്വേ, പഞ്ചായത്തിന്റെ ഓണ്‍ലൈന്‍ വാര്‍ഷിക പ്രോഗ്രസ് റിപ്പോര്‍ട്ട്.. തുടങ്ങി 100ലധികം സേവനങ്ങളുമായാണ് പെരിഞ്ഞനം ഗ്രാമപഞ്ചായത്തിന്റെ മൊബൈല്‍ ഓണ്‍ലൈന്‍ ഗേറ്റ് വേ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നത്.
ഫെബ്രുവരി 7ന് രാവിലെ 11 ന് ചലച്ചിത്ര താരം ഉണ്ണിമായ മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രകാശനം ചെയ്യും. ചടങ്ങില്‍ സംസ്ഥാന കര്‍ഷകശ്രീ അവാര്‍ഡ് നേടിയ ജോര്‍ജ്ജ് അതിയുന്തനെ ആദരിക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ കെ സച്ചിത്ത്, സെക്രട്ടറി സുജാത, ജില്ല പഞ്ചായത്ത് അംഗം ബി ജി വിഷ്ണു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ജോയ് ജോണ്‍, സ്മാര്‍ട്ട് ആപ്പ് കമ്പനി പ്രതിനിധി സുദേവ്, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.