വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടല്‍ : സംരക്ഷിക്കാന്‍ ആരുമില്ലാത്ത വയോധികന് സംരക്ഷണമൊരുക്കി ഇരിങ്ങാലക്കുട ആര്‍.ഡി.ഓ യും ജില്ലാ സാമൂഹ്യനീതി വകുപ്പും

News Special News

വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിന്റെ ഇടപെടല്‍ സംരക്ഷിക്കാന്‍ ആരുമില്ലാത്ത വയോധികന് സംരക്ഷണമൊരുങ്ങന്‍ കാരണമായി.നെന്മണിക്കര പഞ്ചായത്തില്‍ പാലിയേക്കര ദേശത്ത് നന്തിക്കര ഉണ്ണി എന്ന വയോധികന്‍ സംരക്ഷിക്കാന്‍ ആരുമില്ലാത്ത അവസ്ഥയെക്കുറിച്ചും ഇദേഹത്തിന്റെ സംരക്ഷണമുറപ്പാക്കുവാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. വിഷയം ഇരിങ്ങാലക്കുട റവന്യു ഡിവിഷണല്‍ ഓഫീസറും മെയിന്റനന്‍സ് ട്രൈബ്യുണലുമായ ലതിക.സി, തൃശൂര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ആര്‍.പ്രദീപന്‍ എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്തിയ തോടെ വയോധികന്റെ സംരക്ഷണത്തിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

ഉണ്ണി വിഭാര്യനും മക്കളോ മറ്റോ സംരക്ഷിക്കാനില്ലാത്ത 70 വയസ്സുള്ള വയോധികനാണ് . കൊട്ടനെയ്ത്ത് തൊഴിലാളിയും സഞ്ചരിച്ച് നടന്നിരുന്ന വ്യക്തിയുമായിരുന്നു. നാളിതുവരെ നെന്മേനിക്കര പഞ്ചായത്ത് ഓഫീസിനു സമീപവും, പാര്‍ട്ടി ഓഫീസിനു സമീപവും കഴിഞ്ഞു വരികയായിരുന്നു.ആകെ ലഭിക്കുന്ന വാര്‍ദ്ധക്യ പെന്‍ഷനും മറ്റു സുമനസുകളുടെ സഹായത്താലാണ് ഭക്ഷണവും ആവശ്യങ്ങളും നിറവേറ്റി ജീവിച്ചു പോന്നിരുന്നത്. ആഴ്ചകള്‍ക്ക് മുന്‍പേ ഇദേഹം വീഴുകയും ചികിത്സക്കായി ഗവ:മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നതായും സമീപവാസികള്‍ പറയുന്നു. ഉണ്ണി വിവാഹിതനായിരുന്നു എങ്കിലും ഭാര്യയെ ഉപേക്ഷിച്ചിട്ടുള്ളതും മക്കള്‍ ആരും തന്നെ ഇല്ലാത്ത വ്യക്തിയാണെന്നു സമീപവാസികളും നാട്ടുകാരും പറയുന്നു. വിഷയം ശ്രദ്ധയില്‍പെട്ടതോടെ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് ഇടപെടുകയായിരുന്നു

വാര്‍ദ്ധക്യസഹജമായ അവശതകളും, ഓര്‍മ്മക്കുറവും, പരിചരിക്കാന്‍ ബന്ധുക്കള്‍ക്കോ മറ്റും സാധിക്കാത്ത സാഹചര്യത്തില്‍ വയോജനക്ഷേമം, സംരക്ഷണം എന്നിവ മുന്‍നിര്‍ത്തി മന്ത്രിയുടെ നിര്‍ദ്ദേശപ്രകാശം ഇരിങ്ങാലക്കുട ആര്‍.ഡി.ഓ ലതിക.സി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ആര്‍.പ്രദീപന്‍ എന്നിവര്‍ വയോധികനെ ചായ്പന്‍കുഴി ഡിപോള്‍ സ്മൈല്‍ വില്ലേജ് എന്ന വൃദ്ധസദനത്തിലേയ്ക്ക് പുനരധിവസിപ്പിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.മാര്‍ഷല്‍.സി.രാധാകൃഷ്ണന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ജിനു, വാര്‍ഡ് മെമ്പര്‍ സുദേഷ്‌കുമാരി, അംഗനവാടി ടീച്ചര്‍ പ്രിയകുമാരി, ഓര്‍ഫനേജ് കൗണ്‍സിലര്‍ മാര്‍ഗ്രറ്റ് എന്നിവരുടെ നേതൃത്വത്തില്‍ വയോധികനെ സംരക്ഷണകേന്ദ്രത്തില്‍ എത്തിച്ചു.