ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥി അപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ കോളേജ് മാനേജ്‌മെന്റിനെയും ഡ്രൈവറെയും ചേര്‍ത്ത് കേസ് എടുക്കണമെന്ന് ബി ജെ പി

News

ഇരിങ്ങാലക്കുട : മലക്കപ്പാറയില്‍ സഹവാസ ക്യാമ്പിന് പോയ വാഹനം മറിഞ്ഞ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഊരകം സ്വദേശി ആന്‍സി എന്ന വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പാളിനെയും വാഹനം ഓടിച്ച ഡ്രൈവറെയും പ്രതിചേര്‍ത്ത് കേസ് എടുക്കണമെന്ന് ബി ജെ പി നഗരസഭ സമിതി യോഗം ആവശ്യപ്പെട്ടു. കോളേജ് വാഹനം ഓടിക്കുന്നതിനാവശ്യമായ 10 വര്‍ഷത്തെ പരിചയമോ ഹെവിലൈസന്‍സോ ഡ്രൈവര്‍ക്ക് ഉണ്ടായിരുന്നില്ലെന്നും ഇയാള്‍ക്ക് എതിരെ മുന്‍പും കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. എം പി ഫണ്ടില്‍ നിന്നുമാണ് കോളേജിന് മാസങ്ങള്‍ക്ക് മുന്‍പ് ബസ് ലഭിച്ചതെന്നും സ്‌പോര്‍ട്ട്‌സ് ആവശ്യങ്ങള്‍ക്കും മറ്റ് അടിയന്തിര ആവശ്യങ്ങള്‍ക്കും മാത്രമാണ് വാഹനം ഉപയോഗിക്കാറുള്ളതെന്നും ആ സമയത്ത് മാത്രമേ ഡ്രൈവര്‍മാരെ വിളിക്കാറുള്ളുവെന്നും കോളേജ് അധികൃതര്‍ പ്രതികരിച്ചു. മലക്കപ്പാറ, പെരുമ്പാറയില്‍ പോലീസ് സ്റ്റേഷന് സമീപത്തെ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് കോളേജ് ബസ് വൈദ്യുതിക്കാലില്‍ ഇടിച്ച് മറിയുകയായിരുന്നു, പുറത്തേക്ക് തെറിച്ച ആന്‍സിയുടെ കഴുത്തിന് താഴോട്ടുള്ള ഭാഗം ബസിന്റെ അടിയില്‍പ്പെട്ടു പോയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയ്ക്കും ഡി ജി പിയ്ക്കും പരാതി നല്‍കുമെന്നും ബി ജെ പി അറിയിച്ചു. യോഗത്തില്‍ മുന്‍സിപ്പല്‍ പ്രസിഡണ്ട് ഷാജൂട്ടന്‍ ,സന്തോഷ് ബോബന്‍ ,വിജയന്‍ പാറേക്കാട്ട് .ഷാജൂ കണ്ടംകുളത്തി ,ദാസന്‍ വെട്ടത്ത് എന്നിവര്‍ സംസാരിച്ചു.