പ്രളയനാശനഷ്ടത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ 156.83 കോടി രൂപയുടെ കൃഷിനാശം : കേന്ദ്രസഹായം തേടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

News

ജില്ലയില്‍ 156.83 കോടിയുടെ കൃഷിനാശം; 1304 വീടുകള്‍ തകര്‍ന്നു ജില്ലയില്‍ കഴിഞ്ഞ ആഗസ്റ്റിലുണ്ടായ പ്രളയക്കെടുതികളുടെ നാശനഷ്ടം സംബന്ധിച്ച കണക്കുകള്‍ കേന്ദ്ര സംഘത്തിന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് സമര്‍പ്പിച്ചു. ഇതുപ്രകാരം ജില്ലയില്‍ 156.83 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചു. ജില്ലയില്‍ കൃഷി ചെയ്യുന്ന 142767 ഹെക്ടറില്‍ 85660 ഹെക്ടറിലാണ് പ്രളയം ബാധിച്ചത്. ഇതില്‍ 2653.42 ഹെക്ടറിലായി 22385 കര്‍ഷകര്‍ക്കാണ് കൃഷിനാശം സംഭവിച്ചത്. കാര്‍ഷിക അടിസ്ഥാന സൗകര്യ മേഖലയില്‍ 3.27 കോടിയുടെ നാശമുണ്ടായി. കൂടാതെ 113 ഹെക്ടറില്‍ ചെളി അടിഞ്ഞും മറ്റും 13.79 ലക്ഷത്തിന്റെ നാശവും ഉണ്ടായി. ആകെ കേന്ദ്ര മാനദണ്ഡ പ്രകാരം 4.189 കോടിയുടെ കേന്ദ്രസഹായമാണ് ആവശ്യപ്പെട്ടത്.
799.89 ഹെക്ടറിലെ നെല്‍കൃഷി, 721.59 ഹെക്ടറിലെ വാഴകൃഷി, 135.97 ഹെക്ടറിലെ നാളികേര കൃഷി, 373.19 ഹെക്ടറിലെ കവുങ്ങ് കൃഷി, 142.82 ഹെക്ടറിലെ ജാതി കൃഷി, 199.79 ഹെക്ടറിലെ പച്ചക്കറി കൃഷി, 135.7 ഹെക്ടറിലെ മരച്ചീനി കൃഷി, 19.34 ഹെക്ടറിലെ റബര്‍ കൃഷി, 27.48 ഹെക്ടറിലെ കുരുമുളക് കൃഷി, 2.14 ഹെക്ടറിലെ കശുമാവ് കൃഷി, 95.51 ഹെക്ടറിലെ മറ്റു വിളകള്‍ എന്നിവയേയാണ് പ്രളയം ബാധിച്ചത്. ജില്ലയില്‍ ആകെ 1304 വീടുകള്‍ക്കാണ് നാശം സംഭവിച്ചത.് 1188 വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ പറ്റി. 116 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഓരോ താലൂക്കിലെയും സാരമായ കേടുപാടുകള്‍ പറ്റിയ വീടുകള്‍, പൂര്‍ണമായി തകര്‍ന്ന വീടുകള്‍ എന്ന ക്രമത്തില്‍ ചുവടെ. തൃശൂര്‍: 312, 42. തലപ്പിള്ളി: 501, 20. ചാലക്കുടി: 56, 3. ചാവക്കാട്: 59, 3. മുകുന്ദപുരം: 36, 3. കൊടുങ്ങല്ലൂര്‍: 143, 43. കുന്നംകുളം: 81, 2. പ്രളയം രൂക്ഷമായി ബാധിച്ച മത്സ്യമേഖലയില്‍ 358.368 ലക്ഷത്തിന്റെ കേന്ദ്രസഹായമാണ് ആവശ്യപ്പെട്ടത്. വിവിധയിനം മത്സ്യകൃഷി നടത്തുന്ന 4368.247 ഹെക്ടര്‍ ഫാമുകളെയാണ് പ്രളയം ബാധിച്ചത്. നാല്‍ക്കാലികള്‍, കോഴി, ആല, കൂട് എന്നിവ നശിച്ച വകയില്‍ 66.856 ലക്ഷവും ക്ഷീരസംക്ഷണ മേഖലയില്‍ 158.183 ലക്ഷവുമടക്കം 164.403 ലക്ഷത്തിന്റെ കേന്ദ്രസഹായമാണ് മൃഗസംരക്ഷണമേഖലയില്‍ തേടിയത്.
2022 വൈദ്യുതി പോസ്റ്റുകളാണ് ജില്ലയില്‍ തകര്‍ന്നത്. 35 ട്രാന്‍സ്‌ഫോര്‍മറുകളും 1527 കിലോ മീറ്റര്‍ വൈദ്യുതി ലൈനും നശിച്ചു. 879.38 ലക്ഷത്തിന്റെ സഹായമാണ് വൈദ്യുതി മേഖലയില്‍ ആവശ്യപ്പെട്ടത്. ജില്ലയില്‍ കള്‍വര്‍ട്ടുകള്‍ ഉള്‍പ്പെടെ 458.96 കിലോ മീറ്റര്‍ പൊതുമരാമത്ത് റോഡിന് നാശനഷ്ടം നേരിട്ടു. 235.67 കോടി രൂപയാണ് ഇത് നന്നാക്കാനായി കണക്കാക്കുന്നത്. എസ്.ഡി.ആര്‍.എഫ്/എന്‍.ഡി.ആര്‍.എഫ് മാനദണ്ഡ പ്രകാരം 458.96 ലക്ഷമാണ് റോഡുകള്‍ക്ക് ദുരിതാശ്വാസ സഹായമായി പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടത്.
ജില്ലയിലെ പൊതുമരാമത്ത് വകുപ്പിന്റെ 13 പാലങ്ങളാണ് തകര്‍ന്നത്. 1709 ലക്ഷമാണ് മൂന്ന് പാലങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന് ഉള്‍പ്പെടെ കണക്കാക്കുന്നത്. 2167.96 ലക്ഷമാണ് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍ക്കും പാലങ്ങള്‍ക്കും കേന്ദ്രസഹായം തേടിയത്. ജലസേചന മേഖലയില്‍ എസ്.ഡി.ആര്‍.എഫ് മാനദണ്ഡപ്രകാരം 829.61 ലക്ഷത്തിന്റെ സഹായവും കേരള വാട്ടര്‍ അതോറിറ്റിക്ക് 430.57 ലക്ഷവുമാണ് തേടിയത്. ഗ്രാമപഞ്ചായത്തുകളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍, അങ്കണവാടികള്‍, പി.എച്ച്.സികള്‍, പഞ്ചായത്തിന്റേതായ കെട്ടിടങ്ങള്‍, പഞ്ചായത്ത് റോഡുകള്‍ എന്നിവയുടെ നാശനഷ്ടം നികത്താന്‍ 144.484 ലക്ഷമാണ് സഹായം തേടിയത്. ഇതേവിഭാഗത്തില്‍ കോര്‍പറേഷനില്‍ 44.40 ലക്ഷവും നഗരസഭകളില്‍ 14.728 ലക്ഷത്തിന്റെയും സഹായം തേടി. തദ്ദേശ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍, റോഡുകള്‍ എന്നിവയ്ക്ക് ആകെ 203.612 ലക്ഷമാണ് സഹായം തേടിയത്.
ജില്ലയിലെ 255 വില്ലേജുകളില്‍ 215 വില്ലേജുകള്‍ വെളളപ്പൊക്ക ബാധിതമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍-73, തലപ്പിള്ളി-33, ചാലക്കുടി-27, ചാവക്കാട്-28, മുകുന്ദപുരം-29, കുന്നംകുളം-11, കൊടുങ്ങല്ലൂര്‍-14 എന്നിങ്ങനെയാണ് പ്രളയബാധിത വില്ലേജുകള്‍. കഴിഞ്ഞ ആഗസ്റ്റ് മാസം മഴക്കെടുതിയില്‍ 10 പേരാണ് ജില്ലയില്‍ മരിച്ചത്. ഒമ്പത് പേര്‍ മുങ്ങിമരിക്കുകയായിരുന്നു. ഒരാള്‍ ഷോക്കേറ്റാണ് മരിച്ചത്. ജില്ലയില്‍ 1515 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 122871 പേര്‍ക്കാണ് ഇവിടെ അഭയം നല്‍കിയത്.
ബുധനാഴ്ചയാണ് ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിച്ചത്.