കാര്‍ഷിക മേഖലയിലും കുടിവെള്ള വിതരണ രംഗത്തും റോഡുകളിലും പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ജില്ലയില്‍ പര്യടനം നടത്തി.ഹരിപുരം ബണ്ട് സന്ദര്‍ശിച്ച് കാര്‍ഷിക ജലസേചന മേഖല നേരിട്ട നാശനഷ്ടം വിലയിരുത്തി.

News

ഇരിങ്ങാലക്കുട : കാര്‍ഷിക മേഖലയിലും കുടിവെള്ള വിതരണ രംഗത്തും റോഡുകളിലും പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായി കേന്ദ്രസംഘം ജില്ലയില്‍ പര്യടനം നടത്തി. കേന്ദ്ര ജലവിഭവമന്ത്രാലയം സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ വി. മോഹന്‍മുരളി, ഗ്രാമവികസന മന്ത്രാലയം ഡെപ്യൂട്ടി സെക്രട്ടറി എച്ച് ആര്‍ മീണ, ഗതാഗത മന്ത്രാലയം റീജ്യണല്‍ ഓഫീസര്‍ വി വി ശാസ്ത്രി എന്നിവരുള്‍പ്പെട്ട സംഘമാണ് ജില്ലയില്‍ പര്യടനം നടത്തിയത്. ചാലക്കുടിയില്‍ ചേര്‍ന്ന യോഗത്തോടെയാണ് സന്ദര്‍ശന പരിപാടി ആരംഭിച്ചത്. കൃഷി നാശം, വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കുമുണ്ടായ നാശ നഷ്ടങ്ങള്‍, കന്നുകാലി – മത്സ്യമേഖലയിലുണ്ടായ കെടുതികള്‍ തുടങ്ങി ജില്ലക്ക് ഏല്‍ക്കേണ്ടി വന്ന ആഘാതം സംഘത്തെ കളക്ടര്‍ എം ഷാനവാസ് ബോധ്യപ്പെടുത്തിയിട്ടുണ്ട്. ചാലക്കുടി പുഴയോരത്ത് നിന്നാണ് സംഘം സന്ദര്‍ശനം ആരംഭിച്ചത്. എരവറ്റം, കുണ്ടൂര്‍, ആലമറ്റം എന്നിവിടങ്ങളിലും തുടര്‍ന്ന് പൊയ്യയിലെ തകര്‍ന്ന താഴ്വാരം റോഡ് സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് ശേഷം കുറിഞ്ചാക്കല്‍ ബണ്ട്, ഹരിപുരം ബണ്ട് എന്നിവ സന്ദര്‍ശിച്ച് കാര്‍ഷിക ജലസേചന മേഖല നേരിട്ട നാശനഷ്ടം വിലയിരുത്തി. കാലവര്‍ഷത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന ഏതാനും വീടുകളിലും സംഘമെത്തി. ചെമ്മണ്ട കാരയില്‍ ഹരിദാസന്റെ വീട്, എടതിരിഞ്ഞി കണിയത്ത് വീട്ടിലെ ബേബി വിജയന്റെ വീട് എന്നിവയാണ് സന്ദര്‍ശിച്ചത്. എടക്കുളം കനാല്‍ റോഡില്‍ മണ്ണിടിഞ്ഞ ഭാഗവും സന്ദര്‍ശിച്ചു. 100 മീറ്ററാണ് ഇവിടെ മണ്ണിടിഞ്ഞ് താഴ്ന്നത്. ജില്ലാ കളക്ടര്‍ എസ്.ഷാനവാസ്, പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ, തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ്, പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ്, ആര്‍.ഡി.ഒ. ഡിസാസ്റ്റര്‍ മാനേജ്മെന്റ് എം.സി. റെനില്‍ എന്നവരും സംഘത്തൊടൊപ്പം ഉണ്ടായിരുന്നു.