മാപ്രാണം വര്‍ണ്ണാ തിയ്യേറ്ററിന് പ്രവൃത്താനാനുമതി ഇല്ലാതെയും ഇത്രയും നാള്‍ സിനിമാ പ്രദര്‍ശനം നടത്താന്‍ നഗരസഭാ അധികൃതര്‍ ഒത്താശ ചെയ്ത് കൊടുത്തുവെന്ന് ആക്ഷേപം ശക്തമാകുന്നു.

News

രണ്ട് വര്‍ഷം മുന്‍പ് 2017ലാണ് തിയ്യേറ്റര്‍ റിന്യുവേഷന്‍ നടത്തി പ്രദര്‍ശനം ആരംഭിച്ചത്. നാളിത്ര കഴിഞ്ഞ് ഈ കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് തിയ്യേറ്ററില്‍ അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്നും വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭയ്ക്ക് ജില്ലാ അഗ്നി സുരക്ഷാവിഭാഗം നോട്ടിസ് നല്‍കിയത്. തുടര്‍ന്ന് തിയ്യേറ്റര്‍ നടത്തിപ്പുക്കാര്‍ രണ്ട് മാസകാലാവധി ചോദിക്കുകയും അതും കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും നഗരസഭ യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല. പീന്നീട് തിയ്യേറ്റര്‍ നടത്തിപ്പുക്കാരന്‍ സമീപവാസിയെ കൊലപെടുത്തിയതിന് ശേഷം തിയ്യേറ്റര്‍ അടപ്പിക്കണമെന്ന നാട്ടുക്കാരുടെ ആവശ്യം ഉയര്‍ന്നപ്പോഴാണ് തിയ്യേറ്ററിന് പ്രവൃത്തനാനുമതി ഇല്ലെന്ന വസ്തുത പുറത്ത് വരുന്നത്. ഇതേ ആവശ്യത്തിന്റെ പേരില്‍ നഗരസഭ വര്‍ഷങ്ങളോളം കൂടല്‍മാണിക്യം ദേവസ്വം കെട്ടിടങ്ങള്‍ക്ക് നമ്പര്‍ പോലും നല്‍കാതെ വട്ടം കറക്കിയെന്നും എന്നാല്‍ ഇത്തരക്കാര്‍ക്ക് നഗരസഭ ഒത്താശ ചെയ്യുന്നുവെന്നുമാരോപിച്ച് ദേവസ്വം ചെയര്‍മാനും സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിട്ടുണ്ട്. തിയ്യേറ്റര്‍ പ്രവൃത്തിക്കണമെങ്കില്‍ ടിക്കറ്റ് നഗരസഭയില്‍ നിന്നും ടാക്‌സ് അടച്ച് ആണ് ഉപയോഗിക്കേണ്ടത് പ്രവൃത്തനാനുമതി ഇല്ലാത്ത തിയ്യേറ്ററില്‍ ഇത്രകാലം എങ്ങനെ പ്രദര്‍ശനം നടന്നുവെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. മൂര്‍ക്കനാട് പട്ടികജാതിക്കാരന്റെ വീട് പോലീസ് സംരക്ഷണയില്‍ നിയമം ലംഘിച്ചുവെന്നാരോപിച്ച് പൊളിച്ച നഗരസഭ പാവപ്പെട്ടവനും പണക്കാരനും രണ്ട് നീതി നടപ്പിലാക്കുകയാണെന്ന് ബി ജെ പി മുന്‍സിപ്പല്‍ കമ്മിറ്റിയില്‍ ആരോപണമുയര്‍ന്നു. പരസ്യമായ നിയമലംഘനത്തിന് കൂട്ടുനിന്ന നഗരസഭ അഴിമതി നടത്തിയിട്ടുണ്ടെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സി സി ഷിബിനും ആരോപിച്ചു. വിഷയം ചര്‍ച്ചയായതിനെ തുടര്‍ന്ന് നഗരസഭ ബുധനാഴ്ച്ച നഗരത്തിലെ മറ്റൊരു തിയ്യേറ്ററായ അക്കര തിയ്യേറ്ററിനും സമാന രീതിയില്‍ അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന കാരണത്താല്‍ അടച്ച് പൂട്ടുവാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.