പേവിഷബാധ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന് നാളെ ഇരിങ്ങാലക്കുടയില്‍ തുടക്കമാകും

SUB NEWS

ഇരിങ്ങാലക്കുട : ഓമനമൃഗ ചികിത്സാ വിദഗ്ദരുടെ സംസ്ഥാന സംഘടനയായ CAPAK ന്റെ ആഭിമുഖ്യത്തില്‍ നായകള്‍ക്ക് സംസ്ഥാനതലത്തില്‍ സൗജന്യ പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പു നടത്തുന്നു. ഓമനമൃഗ ചികിത്സകരുടെ അഖിലേന്ത്യാ സംഘടനയായ FSAPAI യുടെയും, സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെയും ഇന്ത്യന്‍ സീനിയര്‍ ചേംബര്‍
ഇരിങ്ങാലക്കുട ലീജിയന്റെയും സഹകരണത്തെടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.ഉത്ഘാടനം ചൊവ്വാഴ്ച്ച രാവിലെ 10.30ന് ഇരിങ്ങാലക്കുട ഗവ. വെറ്റിനറി പോളി
ക്ലിനിക് ക്യാമ്പസ്സില്‍ വച്ച് തൃശ്ശൂര്‍ എം.പി. ടി.എന്‍. പ്രതാപന്‍ നിര്‍വ്വഹിക്കുന്നു. CAPAK പ്രസിഡന്റ് ഡോ. എന്‍. ആര്‍. ഹര്‍ഷകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ഈ ചടങ്ങില്‍ കേരള വെറ്ററിനറി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. ആര്‍. ശശീന്ദ്രനാഥ്, ഇരിങ്ങാലക്കുട നഗരസഭ അദ്ധ്യക്ഷ നിമ്യ ഷിജു, തൃശ്ശൂര്‍ ജില്ലാ റൂറല്‍ പോലീസ് മേധാവി കെ.പി. വിജയകുമാരന്‍ ഐ.പി.എസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എം.കെ. പ്രതീപ്കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. ചികിത്സാവിദഗ്ദരുടെ അഖിലേന്ത്യ ഫെഡറേഷന്‍ പ്രതിനിധികള്‍, സീനിയര്‍ ചേംബര്‍ ഇരിങ്ങാലക്കുട പ്രസിഡന്റ് വി.പി. അജിത്കുമാര്‍, പ്രോഗ്രാം ഡയറക്ടര്‍ ജെയ്‌സണ്‍ പാറേക്കാടന്‍, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ഭാരവാഹികള്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ എടുത്തവരുടെ നായ്ക്കള്‍ക്ക് അന്നുതന്നെ സൗജന്യപ്രതിരോധ കുത്തിവെയ്പ്പുകള്‍ നടത്തും. തുടര്‍ദിനങ്ങളില്‍ കുത്തിവെയ്പ്പ് ക്യാമ്പുകള്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി ഉണ്ടായിരിക്കും. CAPAK ന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ടത്തില്‍ പതിനായിരം നായ്ക്കളെയാണ് പ്രതിരോധകുത്തിവെയ്പ്പിന് വിധേയമാക്കുന്നത്. മൃഗങ്ങളില്‍ നിന്നും മനുഷ്യര്‍ക്ക് പകരുന്ന രോഗങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന്റെ ഒരു പടിയായാണ് ഈ പ്രവര്‍ത്തനം ഉത്ഘാടനത്തോടനുബന്ധിച്ച് കുറ്റാന്വേഷണരംഗത്ത് പ്രശസ്തരായ പോലീസ് ഡോഗ് സ്‌ക്വാഡിലെ നായ്ക്കളുടെ പ്രകടനങ്ങള്‍ ഉണ്ടായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.