വഴിയോരങ്ങളെ ചുവണ്ണിയിച്ച് വാകമരങ്ങള്‍ പൂത്തലഞ്ഞ് നില്‍ക്കുന്നു.

News Special News

ഇരിങ്ങാലക്കുട : ‘ഗുല്‍മോഹര്‍’ എന്ന് വിളി പേരില്‍ അറിയപെടുന്ന വാകമരം അഥവാ അലസിപ്പൂമരം ത്തിന് ഒരു വിപ്‌ളവപരിവേഷമാണ് കേരളത്തിലുള്ളത്. മഡഗാസ്‌കറില്‍ നിന്ന് നൂറ് വര്‍ഷം മുമ്പ് ഇന്ത്യയിലെത്തിയ ഗുല്‍മോഹറിനെ ഇഷ്ടപ്പെടുന്നവര്‍ ഏറെയെങ്കിലും മരത്തിന്റെ കൊമ്പുകള്‍ക്ക് വേണ്ടത്ര കരുത്തില്ലെന്നതിന്റെ പേരില്‍ ഒട്ടേറെയെണ്ണം വെട്ടിവീഴ്ത്തപ്പെട്ടു. പൊഴിഞ്ഞുവീഴുന്ന പൂക്കള്‍ വഴികളെ വര്‍ണാഭമാക്കുന്നതും ഈ പൂമരങ്ങളുടെ വിരുന്നാണ്. വേനല്‍ക്കാലത്ത് പൂക്കുകയും വസന്തം കഴിയുന്നതോടെ പൊഴിക്കുകയും ചെയ്യുന്നതാണ് ഗുല്‍മോഹര്‍. കടുംപച്ച നിറത്തിലുള്ള ഇലകളുടെ പശ്ചാത്തലത്തില്‍ കുലകളായി വിടരുന്ന കടുംചുവപ്പും ഓറഞ്ചും നിറം കലര്‍ന്ന വാകപ്പൂക്കളുടെ ദൃശ്യഭംഗി നല്‍കുന്ന മറ്റൊരുമരവും ലോകത്തിലില്ലത്രേ. പൂക്കളുടെ ഭംഗിക്കുവേണ്ടി മാത്രമല്ല, നല്ലൊരു തണല്‍മരംകൂടിയായാണ് ഇലകളാല്‍ സമൃദ്ധമായ വാകമരങ്ങള്‍. മലയാളിയെ സംബന്ധിച്ചിടത്തോളം ഗൃഹാതുരത്വത്തിന്റെ ഒരുപിടി ഓര്‍മ്മകള്‍ മനസ്സിലേക്കെത്തിക്കുന്നവയാണ് വാകപ്പൂക്കള്‍. വാകമരങ്ങള്‍ തണല്‍ വിരിക്കാത്ത സ്‌കൂള്‍മുറ്റങ്ങള്‍ കേരളത്തിലില്ല എന്നു തന്നെ പറയാം. കവിഹൃദയങ്ങളെ വാകപ്പൂക്കള്‍ ഭാവനയുടെ വര്‍ണ്ണച്ചിറകിലേറ്റിയതിന്റെ ഉത്തമ ഉദാഹരണങ്ങളായ എത്രയോ മനോഹര ഗാനങ്ങള്‍ മലയാളത്തിന് സ്വന്തമായുണ്ട്. വാകപ്പൂവിന് അഞ്ചു ദലങ്ങളാണ് ഉള്ളത്. ചുവപ്പുനിറത്തിലുള്ള നാലു ചെറിയ ഇതളുകളും, അവയേക്കാള്‍ അല്‍പംകൂടി വലിപ്പമുള്ള അഞ്ചാമതൊരിലയും. അഞ്ചാമത്തെ ഈ വലിയ ഇതള്‍ മറ്റുള്ളവയെ അപേക്ഷിച്ച് മുകളിലേക്ക് നിവര്‍ന്നിരിക്കും. അതില്‍ മഞ്ഞയും വെളുപ്പും പുള്ളികളും കാണാം. ഈ ഇതളാണ് ഈ പൂവിന് മയിലിനോട് സാമ്യം നല്‍കുന്നത്. പൂവിന്റെ നടുവിലായി പരാഗതന്തുക്കളും കാണാം. ഒരു ശാഖയുടെ അഗ്രത്തിലാണ് മൊട്ടുകള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത്. വേഗം വളരുന്ന മൊട്ടുകള്‍, നാലഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ വളര്‍ച്ചപ്രാപിക്കുന്നു. രാത്രികാലങ്ങളിലാണ് ഒരു പൂവ് പൂര്‍ണ്ണമായും വിടരുന്നത്. പൂവിന് പ്രത്യേകത പറയാന്‍തക്ക ഗന്ധമൊന്നുമില്ല. ചുവപ്പു വാക കൂടാതെ മഞ്ഞവാക എന്ന മറ്റൊരു വിഭാഗവും ഇവിടെ സാധാരണമാണ്.